'സംഭവ ബഹുലമായ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ജീവിതകാലത്തിനിടയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നവയും, ആത്മാവിനെ ഉണര്ത്തുന്നവയുമായ അനേകം കാഴ്ചകള്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഹരിജനോദ്ധാരണത്തെ സംബന്ധിച്ചുണ്ടായ ഒരു കാഴ്ചയെക്കാള്‍ ഹൃദയസ്പൃക്കായ മറ്റൊന്ന് ഇതെഴുതുന്ന അവസരത്തില്‍ ഓര്‍ക്കുന്നതിന് എനിക്ക് സാധിക്കുന്നില്ല'
ഇത് മഹാത്മാ ഗാന്ധിജിയുടെ വാക്കുകളാണ്. 1934 ജനുവരി 19 ലക്കം ഹരിജനിലാണ് ഗാന്ധിജി ഇങ്ങനെ എഴുതിയത്. ഗാന്ധിജി പറഞ്ഞത് കൗമുദി ടീച്ചറെ കുറിച്ചായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ കേരളീയ അധ്യായത്തിലെ ഏറ്റവും കാമ്പുള്ള ഭാഗം. സ്വജീവിതം കാലത്തില്‍ അടയാളപ്പെടുത്തി കടന്ന് പോയ ആ മഹതിയുടെ ചരമദിനമാണ് ഇന്ന്. മറ്റുപലതും പോലെ നാം മറന്നുകളഞ്ഞ ഒരു ദിനം
ഒരു ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയായിരുന്നു കൗമുദി ടീച്ചർ(മേയ് 17, 1917- ഓഗസ്റ്റ് 4, 2009). പതിനാറാം വയസ്സിൽ തന്റെ സ്വർണാഭരണങ്ങൾ മഹാത്മാഗാന്ധിക്ക് നൽകിയാണ് കൗമുദി ടീച്ചർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടിയത്. 1917 മേയ് 17-ന് ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ മാവിലായി പടന്നക്കോട്ട് തറവാട്ടിൽ കടത്തനാട്ടു രാജരാമവർമ്മയുടെയും, ചിറക്കൽ രാജവംശത്തിൽ പെടുന്ന ദേവകി കൊട്ടിലമ്മയുടെയും മകളായി ജനിച്ചു.
1934-ൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകര കോട്ടപ്പറമ്പിലെത്തിയ ഗാന്ധിജിക്ക് കൗമുദി തന്റെ സ്വർണമാലയും കമ്മലും ഊരി നൽകി. ഇനി ആഭരണങ്ങൾ ധരിക്കില്ലെന്ന് ഗാന്ധിജിയെ കണ്ട സമയത്ത് അവർ പ്രതിജ്ഞ ചെയ്തു.കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനത്തിൽ സജീവമായി കൗമുദി ടീച്ചർ പങ്കെടുത്തിട്ടുണ്ട്.2009 ഓഗസ്റ്റ് 4-ന് 92-ആം വയസ്സിൽ കണ്ണൂർ കാടാച്ചിറയിൽ വെച്ച് അവർ അന്തരിച്ചു. ജീവിതകാലം മുഴുവൻ അവർ അവിവാഹിതയായിരുന്നു.

Post A Comment:
0 comments: