നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിൻ ജോൺസൻ (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്. എലിസബത്തൻ കാലത്തിനുശേഷം വന്ന ജേക്കബിയൻ, കരോളിയൻ, ക്രോംവെല്ലിയൻ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോൺസൻ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും ജോൺസന്റെ സവിശേഷതകളായിരുന്നു.
ലണ്ടണിലെ വെസ്റ്റ്മിനിസ്റ്ററിലായിരുന്നു ജനിച്ചതെങ്കിലും തന്റെ കുടുംബം സ്കോട്ട്ലണ്ടിലെ അതിർത്തിപ്രദേശത്തുനിന്നുള്ളതാണെന്നാണ് ജോൺസൻ അവകാശപ്പെട്ടിരുന്നത്.മിക്കവാറും പതിനേഴാം നൂറ്റാണ്ട് മുഴുവൻ ജോൺസൻ ഇംഗ്ലീഷ് സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിയായി നിലകൊണ്ടു. അദ്ദേഹത്തിന്റെ നാടക രംഗത്തെ സ്വാധീനം അസാമാന്യമായിരുന്നു.

Post A Comment:
0 comments: