കൈതപ്രം കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (കൈതപ്രം എന്നറിയപ്പെടുന്നു) മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്. കർണാടക സംഗീതം അഭ്യസിച്ച ഇദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേശാടനം തുടങ്ങി ധാരാളം സിനിമകൾക്ക് ഗാനരചനയും, സംഗീതവും ഇദ്ദേഹം.നിർവ്വഹിച്ചിട്ടുണ്ട്.. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്

Post A Comment:
0 comments: