കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ തുടങ്ങിയ ഒരു സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റിറ്റ്യൂട്ട്. മലയാള ഭാഷയിലാണ് കുട്ടികൾക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ പള്ളിയറ ശ്രീധരൻ ആണ്. പ്രൊഫ. എബ്രഹാം ജോസഫ്, ജോർജ്ജ് ഓണക്കൂർ, ഡോ. കുര്യാസ് കുമ്പളക്കുഴി, സി.ജി. ശാന്തകുമാർ, പാലാ കെ.എം. മാത്യു, റൂബിൻ ഡിക്രൂസ്, പ്രൊഫ. തുമ്പമൺ തോമസ് (ഡയറക്ടർ ഇൻ ചാർജ്ജ്), ഡോ. നെടുമുടി ഹരികുമാർ, എം സന്തോഷ് കുമാർ (ഡയറക്ടർ ഇൻ ചാർജ്ജ്), ഡോ. പോൾ മണലിൽ എന്നിവരായിരുന്നു മുൻ ഡയറക്ടർമാർ.
മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നതുമാണു് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു ചുമതലകൾ.

Post A Comment:
0 comments: