ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.
ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു.
വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു. പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു.

Post A Comment:
0 comments: