ലോക വിഖ്യാതനായ മനഃശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ്. ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു മനഃശാസ്ത്രവിദഗ്ദ്ധനും തമ്മിലുള്ള അഭിമുഖത്തിലൂടെ മനോരോഗം ചികിത്സിക്കുന്ന മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.
സ്വപ്നങ്ങളെ വിശകലനം ചെയ്യാന് പഠിപ്പിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഇതിഹാസ പുസ്തകമാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം’.
ഓസ്ട്രിയയിലെ മൊറോവിയെയിലെ ഫൈബർഗ് എന്ന പട്ടണത്തിൽ ഗലീഷ്യൻ ജൂത ദമ്പദികളുടെ മകനായി ജനിച്ച ഫ്രോയിഡ് 1881ൽ വിയന്ന സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചു.1885-ൽ സർവ്വകലാശാല അദ്ധ്യാപന യോഗ്യത കരസ്ഥമാക്കിയ അദ്ദേഹം നാഡീശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിൽ നിയമിതനാകുകയും 1902-ൽ അഫിലിയേറ്റഡ് പ്രൊഫസറാകുകയും ചെയ്തു. 1886-ൽ വിയന്നയിൽ ക്ലിനിക്കൽ പ്രാക്ടീസ് ആരംഭിച്ച ഫ്രോയിഡിന്റെ താമസവും ഗവേഷണ പ്രവർത്തനങ്ങളും വിയന്നയിൽ തന്നെ ആയിരുന്നു. 1938-ൽ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം ഓസ്ട്രിയ വിട്ടു. 1939 ൽ അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രവാസിയായി മരിച്ചു.
മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി. ഒരു രോഗനിർണ്ണയ രീതി, ചികിത്സാ സമ്പ്രദായം എന്നീ നിലകളിൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും മനഃശാസ്ത്രം, മനോരോഗ ചികിത്സ എന്നിവയിലും മാനവിക വിഷയങ്ങളിലും മാനസികാപഗ്രഥനം ഇന്നും സ്വാധീനം ചെലുത്തുന്നു. അതിനാൽ, അതിന്റെ ചികിത്സാ ഫലപ്രാപ്തി, ശാസ്ത്രീയ നില, അതിനു ഫെമിനിസവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച വിപുലവും ഉയർന്നതുമായ ചർച്ചകൾ ഇപ്പോഴും തുടരുന്നു. ഫ്രോയിഡിന്റെ കൃതികൾ സമകാലീന പാശ്ചാത്യ ചിന്തയെയും ജനകീയ സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.

Post A Comment:
0 comments: