ഇന്ന് ജൂൺ 21 , അന്താരാഷ്ട്ര യോഗദിനം ....
രോഗരഹിതവും സുദൃഢവുമായ ശരീരമാണ് ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ് യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷിവര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന് ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത് ശരീരമനസുകളാണ്. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ് നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ് ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്. ഇന്ന് നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക് വിധേയമായി ജീവിക്കാത്തതാണ്. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ് ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്. മനസില്‍നിന്നാണ് ശരീരം ശക്‌തിസംഭരിക്കുന്നത്. മനസ് ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ് മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.
തത്വബോധവും യുക്‌തിവിചാരവും എന്ന് ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത് രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്.
കുട്ടികൾ കളികളിലൂടെ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നതാണ് അഭികാമ്യം. അവർക്ക് യോജിച്ച തരത്തിലുള്ള ലളിതമായ യോഗമുറകളാണ് അവരെ പരിശീലിപ്പിക്കേണ്ടത് .വിദ്യാഭ്യാസമായാലും ,ആരോഗ്യമായാലും ,ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അവർക്ക് ഏറ്റവും മികച്ചത് നൽകാനായി രക്ഷിതാക്കൾ ശ്രമിക്കുന്നു. കുട്ടിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് .ഇന്ന് പല വിദ്യാലയങ്ങളിലും കുട്ടികൾക്ക് പഠന ഭാരവും ഹോം വർക്കും കൂടുതലും ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം കുറവുമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതൽ വ്യായാമം പരിശീലിപ്പിക്കണം. അതിനു ഏറ്റവും മികച്ചമാർഗ്ഗം സ്വതന്ത്രമായ കളികളും യോഗ പോലുള്ള ലഘു വ്യായാമ മുറകളുമാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. എന്തുകൊണ്ടാണ് കുട്ടികളെ യോഗ പരിശീലിപ്പിക്കേണ്ടത്?
യോഗ അവരുടെ ശാരീരിക ബലം കൂട്ടാൻ സഹായിക്കുന്നു. മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതൽ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു. ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു. മാത്രമല്ല അവരുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങൾ കുട്ടികളിൽ ഏകാഗ്രതയും ഓർമ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതൽ നന്നായി പഠിക്കുവാൻ സഹായിക്കുന്നു. കുട്ടികൾക്ക് രോഗങ്ങൾ വരുന്നത് എപ്പോഴും രക്ഷിതാക്കൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കാറുണ്ട്. കുട്ടികളിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുന്നതിന് യോഗ സഹായിക്കുന്നുണ്ട്. യോഗയിലെ ചില ശ്വസന വ്യായാമങ്ങൾ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവൻ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു. നഴ്സറി ക്ലാസ് മുതൽ കുട്ടികൾക്ക് യോഗ പരിശീലനം ആരംഭിക്കാവുന്നതാണ്. ഏത് കാര്യം ചെയ്യുമ്പോഴും കുട്ടികളുടെ പ്രകൃതവും അവരുടെ ഇഷ്ടങ്ങളും പരിഗണിച്ച് കൊണ്ടാവണം അത് അവർക്ക് നൽകേണ്ടത്. യോഗയുടെ കാര്യത്തിലും ഇത് പ്രത്യേകം ശ്രദ്ധിക്കണം. യോഗയുടെ ശാസ്ത്രവും രീതികളും നന്നായി അറിയാവുന്ന ഒരു പരിശീലകന്റെ നിർദ്ദേശവും തത്സമയ സഹായവും തേടിക്കൊണ്ട് വേണം കുട്ടികളെ യോഗ പരിശീലിക്കാൻ .... എന്നത് പ്രത്യേകം ഓർക്കണേ...
യോഗ പരിശീലിക്കുന്നതിന് ചില ചിട്ടകൾ നിർദ്ദേശിക്കുന്നുണ്ട്.. നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ശരീരശുദ്ധിവരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്. ശരിയായ സമയം പ്രഭാതത്തിലാണ്. നല്ലൊരു മുറി ഇതിന് തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച് വസ്‌ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്‌ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത് ഫാന്‍ ഉപയോഗിക്കരുത്. കൂടാതെ ഏതെങ്കിലും കഠിനമായഅസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച് അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. കാരണം ആ സമയത്ത് നമ്മുടെ ശരീരത്തുണ്ടാകുന്ന എനര്‍ജി എര്‍ത്തായി പോകാതിരിക്കുന്നതിനാണ്.
ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ യോഗാ ചെയ്യാവൂ. വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കാവുന്നതാണ്. അതേപോലെ യോഗ കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇതിന്റെ പൂര്‍ണത ലഭിക്കുകയുള്ളൂ. ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയായിവേണം യോഗയെ കാണാന്‍.



Post A Comment:
0 comments: