പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമാണ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ (ഡിസംബർ 11, 1918 - ഓഗസ്റ്റ് 3, 2008). ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം, ഗുലാഗ് ദ്വീപസമൂഹം എന്നീ നോവലുകളിലൂടെ സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ് സോൾഷെനിറ്റ്സിൻ പ്രശസ്തനായി.
സ്റ്റാലിൻ ഭരണകൂടത്തെ വിമർശിച്ചതിന് 8 വർഷത്തെ തടവ് അനുഭവിച്ച ആളാണ് അലക്സാണ്ടർ സോൾഷെനിറ്റ്സ്. തടവ് വാസം പൂർത്തിയാക്കിയ അദ്ദേഹത്തെ സ്റ്റാലിൻ കസാഖിസ്ഥാന്റെ വടക്കുകിഴക്കൻ പ്രദേശത്തേക്ക് ആജീവനാന്തകാലത്തേയ്ക്ക് നാടുകടത്തിയിരുന്നു.ഖസാക്കിസ്ഥാനിൽ വച്ച് ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് ചികിത്സ ലഭിയ്ക്കുന്നത് ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കന്റിൽ വച്ചാണ്. അവിടുത്തെ അനുഭവങ്ങൾ എഴുതിയാണ് അലക്സാണ്ടർ സോൾഷെനിറ്റ്സ് ഒരു മികച്ച എഴുത്തുകാരനായി പരുവപ്പെടുന്നത്. കാൻസർവാർഡ് എന്ന നോവൽ അദ്ദേഹം എഴുതുന്നു.
പിന്നീട് ജോസഫ് സ്റ്റാലിന്റെ മരണത്തിനു ശേഷം നികിത ക്രൂഷ്ചേവിന്റെ പിന്തുണയോടെയാണ് “ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം” എന്ന ഈ നോവൽ പുറത്തിറങ്ങുന്നതും വൻവിജയമാവുന്നതും.
1970 ൽ അലക്സാണ്ടർ സോൾഷെനിറ്റ്സിന് നോബൽ സമ്മാനം ലഭിച്ചെങ്കിലും ഭയം കാരണം അദ്ദേഹം അത് സ്വീകരിച്ചില്ല. റഷ്യയിൽ തിരികെയെത്തണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ അലക്സാണ്ടർ സോൾഷെനിറ്റ്സിലെ എഴുത്തുകാരനാവട്ടെ എതിർദിശയിൽ സഞ്ചരിക്കുകയും റഷ്യൻ ലേബർ ക്യാമ്പിലെ ക്രൂരതകൾ വിളിച്ചു പറയുന്ന ദി ഗുലാഗ് ആർക്കിപ്പെലഗോ ഇറങ്ങുകയും ചെയ്തു. അങ്ങനെ റഷ്യ അലക്സാണ്ടർ സോൾഷെനിറ്റ്സിനെ വീണ്ടും നാടുകടത്തി. അമേരിക്കയിൽ അഭയം തേടിയ ശേഷമാണ് അദ്ദേഹം നോബൽ സമ്മാനം സ്വീകരിക്കുന്നത്.
1994 ലാണ് അദ്ദേഹം റഷ്യയിൽ തിരികെയെത്തുന്നതും റഷ്യൻ ഗവണ്മെന്റ് അദ്ദേഹത്തിന് സ്റ്റേറ്റ് പ്രൈസ് നൽകുന്നതും. എഴുത്തുകാരന്റെ ജീവിതം തന്നെ ഒരു നോവൽ പോലെ വായിച്ചെടുക്കാൻ കഴിയുന്നതാണ്.

Post A Comment:
0 comments: