ഇന്ന് ജൂലൈ 26 .... കാർഗിൽ വിജയ് ദിനം...
1999 മെയ്മാസത്തില്‍ കശ്മീര്‍ തീവ്രവാദികളായി വേഷമിട്ട പാകിസ്ഥാന്‍ സൈനികര്‍ കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അടുത്ത ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറി. ശൈത്യകാലത്ത് മൈനസ് 45 വരെ ഊഷ്മാവ് താഴുന്ന ഹിമാലയന്‍ പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം. കശ്മീരും ലഡാക്കുമായുള്ള ബന്ധം വിച്ഛേദിക്കുക, ഇന്ത്യന്‍ സേനയെ സിയാച്ചിന്‍ ഹിമാനികളില്‍ ഒറ്റപ്പെടുത്തി പിന്മാറാന്‍ നിര്‍ബ്ബന്ധിതരാക്കുക, അങ്ങനെ കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയെ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയിലേയ്ക്ക് നിര്‍ബന്ധിച്ച് എത്തിച്ച് അനുകൂല തീരുമാനമെടുപ്പിക്കുക, സര്‍വ്വോപരി കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളായിരുന്നു പാകിസ്ഥാന്‍ സ്വപ്‌നം കണ്ടത്.
എന്നാല്‍ ആ സ്വപ്‌നങ്ങള്‍ ഒന്നും ഫലിച്ചില്ല. എന്നു മാത്രല്ല, 1971-ലെ യുദ്ധം പോലെ തന്നെ ആ രാജ്യം വീണ്ടും ഇന്ത്യന്‍ കരുത്തിനു മുന്നില്‍ അടിയറവു പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ നാണംകെട്ടു. പുറമേ ബസ്സ് യാത്രയും സമാധാന ഉടമ്പടിയുമൊക്കെ പ്രഖ്യാപിക്കുകയും പിന്നിലൂടെ തീവ്രവാദത്തിനും യുദ്ധത്തിനും പദ്ധതിയിടുന്ന വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമായി അവര്‍ മാറി. പരാജയപ്പെട്ട ഒരു രാഷ്ട്രമായി അവരെ ഇന്നും ലോകം വിലയിരുത്തുന്നു.
ഇന്ത്യന്‍ കരസേനയുടേയും വ്യോമസേനയുടേയും സംയുക്ത ആക്രമണമാണ് പാക്കിസ്ഥാനെ അമ്പേ പരാജയപ്പെടുത്തിയത്. കാര്‍ഗില്‍ മേഖലയില്‍ നടന്ന യുദ്ധത്തെ ഓപ്പറേഷന്‍ വിജയ് എന്നാണ് വിളിക്കുന്നത്. കാര്‍ഗില്‍ മേഖലയെ തിരിച്ചു പിടിച്ചെടുക്കാനുള്ള ഇന്ത്യന്‍ ആര്‍മിയുടെ നടപടിയുടെ പേരായിരുന്നു ഇത്. വ്യോമസേനയുടെ സൈനിക നീക്കങ്ങള്‍ ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്ന രഹസ്യനാമത്തിലും അറിയപ്പെട്ടു. 1999 മെയ് 5 മുതല്‍ ജൂലൈ 26 വരെ നീണ്ടു നിന്ന യുദ്ധത്തില്‍ ഇന്ത്യവിജയികളായി. ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിനമായും ആചരിക്കുന്നു. രാജ്യം ദേശത്തിനായി പോരാടിയ സൈനികരുടെ ധീരതയെ സ്മരിക്കുന്ന ദിനം കൂടിയാണിന്ന്.

Post A Comment:
0 comments: