വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു ചാൾസ് ഡിക്കൻസ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ്, തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.ഇന്നും ഡിക്കൻസിൻ്റെ കൃതികൾ വായിക്കപ്പെടുന്നു.
ബ്രിട്ടണിലെ പോർട്ട്മൗത്തിലാണ് ഡിക്കൻസ് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും 20 വർഷക്കാലം അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിക്കുകയും, പതിനഞ്ച് നോവലുകളും, അഞ്ച് നോവെല്ലകളും നൂറുകണക്കിന് ചെറുകഥകളും നോൺ-ഫിക്ഷൻ ലേഖനങ്ങളും എഴുതി. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും മറ്റു സാമൂഹ്യ പരിഷ്കാരങ്ങൾക്കുമായി ഡിക്കൻസ് പ്രവർത്തിച്ചു.1836 ൽ ദി പിക്കേക്ക് പേപ്പേഴ്സ് എന്ന പരമ്പരയുടെ പ്രസിദ്ധീകരണത്തോടെ ഡിക്കൻസിൻ്റെ സാഹിത്യ വിജയം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം അന്തർദേശീയ തലത്തിൽ പ്രശസ്തനായി. അദ്ദേഹത്തിന്റെ നർമ്മം,ഹാസ്യം എന്നിവയെല്ലാം പ്രശസ്തമാണ്. കൃത്യമായ സാമൂഹിക നിരീക്ഷണത്തിൽ നിന്നാണ് അദ്ദേഹം കഥാപാത്ര സൃഷ്ടികൾ നടത്തിയിരുന്നത്.
ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഒരിക്കലും അച്ചടി പ്രതികൾ ഇല്ലാത്ത അവസ്ഥയിൽ (ഔട്ട് ഓഫ് പ്രിന്റ്) വന്നിട്ടില്ല. ഡിക്കൻസ് തുടർക്കഥ രൂപത്തിലാണ് തന്റെ നോവലുകൾ രചിച്ചത്. അക്കാലത്ത് തുടർക്കഥയായി നോവലുകൾ എഴുതുന്നതായിരുന്നു ഗദ്യത്തിലെ സാധാരണ ശൈലി. ഡിക്കൻസിന്റെ കഥകളുടെ ഓരോ പുതിയ ഭാഗത്തിനുമായി വായനക്കാർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.
പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം.

Post A Comment:
0 comments: