അയ്യങ്കാളി ജന്മദിനം

Share it:
തിരുവിതാംകൂർ ചരിത്രത്തിൽ ആദ്യമായിരുന്നു അങ്ങനെയൊരു യാത്ര.നമ്പൂതിരി വരവറിയിക്കുന്ന
"ഹോയ്" വിളി കേട്ടാൽ ഓടിമാറേണ്ട ഹീന ജാതിക്കാരൻ !
മുട്ടിന് താഴെയ്ക്കും അരയ്ക്ക് മുകളിലേയ്ക്കും വസ്ത്രം ധരിക്കാൻ അവകാശമില്ലാത്തവൻ !!
തലപ്പാവ് വയ്ക്കാനും,മീശ വയ്ക്കാനും അവകാശമില്ലാത്ത സമുദായത്തിൽ ജനിച്ചവൻ !!!


അങ്ങനെയൊരാൾ പാദം മറയുന്ന വെളുത്ത മുണ്ടും,ബനിയനും
ധരിച്ച്,തലയിൽ കെട്ടും കെട്ടി,
മീശവെച്ച്,ഉയർന്ന ശിരസ്സുമായി നെഞ്ച് വിരിച്ച് വെളുത്ത കാളകൾ വലിക്കുന്ന വില്ലുവണ്ടിയിൽ മുഴങ്ങുന്ന ഓട്ടുമണിയൊച്ച കേൾപ്പിച്ച് വെങ്ങാനൂരിൽ നിന്നും തിരുവനന്തപുരം രാജവീഥിയിലേയ്ക്ക് -

അടികൊണ്ട് വീഴുകയും, കേഴുകയും മാത്രം ചെയ്തുവന്ന അധ:സ്ഥിതരുടെ ചരിത്രത്തിൽ ആദ്യമായി തലയുയർത്തിയ ഈ ധിക്കാരി ആര് ? ഉയർന്ന പുരികങ്ങൾക്ക് ഉടൻ മറുപടി ലഭിച്ചു."അയ്യൻ്റെ മകൻ കാളി" 

ചരിത്രമെഴുത്തുകാർ സൗകര്യപൂർവം ഒഴിവാക്കിയ സമരമാണ് വില്ലുവണ്ടി സമരം.
സ്വാതന്ത്ര്യസമര ചരിത്രം രേഖപ്പെടുത്തി വച്ചപ്പോഴും വില്ലുവണ്ടി സമരത്തെ പുറത്തുനിർത്തപ്പെട്ടു.വില്ലുവണ്ടി സമരം ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നില്ല എന്നതാണ് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏടുകളിൽനിന്ന് വില്ലുവണ്ടി സമരത്തെ മാറ്റിനിർത്തുന്നതിന് പലരും നൽകുന്ന ന്യായീകരണം.
എന്നാൽ,ഇതും സ്വാതന്ത്ര്യ സമരത്തിലെ വലിയൊരു ഏടുതന്നെയാണ്.കാരണം സാമൂഹിക സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഇത്തരം സമരങ്ങൾ കൂടി ഉൾപ്പെട്ടാലേ സ്വാതന്ത്ര്യസമര ചരിത്രം പൂർത്തിയാകൂ.

സവർണജാതിക്കാരുടെ എതിർപ്പുകളെ നേരിട്ട് മുന്നോട്ടുപോയ ആ യാത്ര തിരുവിതാംകൂർ രാജാവ് എല്ലാവർക്കും പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കും വരെ തുടർന്നു. സവർണാധിപത്യത്തിനേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു ആ വില്ലുവണ്ടി സമരം.ദലിതരും അടിസ്ഥാന വർഗങ്ങളും പാരതന്ത്ര്യം നേരിട്ടിരുന്നത് വിദേശ അധിപതികളിൽനിന്ന് മാത്രമായിരുന്നില്ലല്ലോ ? 

മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമായിരുന്നു വില്ലുവണ്ടി സമരം ! മഹാത്മാ അയ്യൻകാളിയ്ക്ക് പ്രണാമം.
Share it:

Birthday

Post A Comment:

0 comments: