ശൂരനാട്ടു കുഞ്ഞൻ പിള്ള

Share it:
മലയാളഭാഷയുടെ മുഖശ്രീയാണ്‌ ശൂരനാട്ടു കുഞ്ഞൻ പിള്ള. ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഭാഷയുടെയും ചരിത്രത്തിന്റെയും ഇരുളാണ്ട കാലത്തേക്ക്‌ ഇറങ്ങിചെന്ന്‌ അവയെ വീണ്ടെടുക്കാനുള്ള ഒരു ഗവേഷണ മനസ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. ഒട്ടേറെ പ്രാചീനരേഖകൾ ശൂരനാട്ടു കുഞ്ഞൻപിള്ള ആവേശത്തോടെ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചു. ആധുനിക മലയാളഭാഷയിൽ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയ, ഭാഷാശുദ്ധിയുടെ നേർവഴികൾ തെളിച്ച ഒരു ഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. മലയാള ഭാഷയ്ക്ക് സമഗ്രമായ ഒരു ഭാഷാ നിഘണ്ടു ഉണ്ടാകണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിച്ച സാഹിത്യകാരനാണ് അദ്ദേഹം.കേരളസാഹിത്യ അക്കാഡമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ്‌ അദ്ധ്യക്ഷൻ, ജേണൽ ഓഫ്‌ ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ്‌ കമ്മിറ്റി അംഗം എന്നീ നിലകളിലൊക്കെ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. മലയാള സാഹിത്യത്തിൽ എക്കാലവും ഓർക്കപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പ്രാചീന സൗന്ദര്യ ശാസ്ത്ര ഗ്രന്ഥങ്ങളായ ലീലാതിലകത്തിനും സന്ദേശകാവ്യമായ ഉണ്ണിനീലി സന്ദേശത്തിനും അദ്ദേഹം രചിച്ച വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ്‌. ശ്മശാന ദീപം (കവിതാ സമാഹാരം) അമ്പാദേവി (നോവൽ), പ്രാചീന കേരളം (ജീവചരിത്രങ്ങൾ) കല്യാണസൗധം (നോവൽ), യാത്രക്കാരുടെ കണ്ണിലെ മലബാർ, തിരുവിതാംകൂറിലെ മഹാന്മാർ(ജീവചരിത്രം) സൗരഭൻ (കഥകൾ) വീരരാഘവ ശാസനം (ജീവചരിത്രം) മാതൃപൂജ, കൈരളീ പൂജ (പ്രബന്ധസമാഹാരം), പുഷ്പാഞ്ജലീ സാഹിത്യഭൂഷണം (പ്രബന്ധസമാഹാരം), ഹൃദയകർപ്പണം (കവിതാ സമാഹാരം) പഞ്ചതന്ത്രകഥാമണികൾ (കഥകൾ) തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

Share it:

Post A Comment:

0 comments: